ന്യൂദൽഹി– ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഓഫീസിലെ അഞ്ച് പേർ കോവിഡ് ബാധിതരാണെന്ന് വെളിപ്പെടുത്തി സൈബർ വിദഗ്ധനും ഹാക്കറുമായ ഏലിയട്ട് ആൽഡേഴ്സൺ. കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ വികസിപ്പിച്ചെടുത്ത ആരോഗ്യസേതു ആപ്പിലെ സുരക്ഷാപ്രശ്നങ്ങൾക്ക് തെളിവായാണ് ഫ്രഞ്ച് ഹാക്കർ ഇക്കാര്യം ട്വീറ്റ് ചെയ്തത്. രാജ്യത്തെ തന്ത്രപ്രധാനമേഖലയിലെ 11 പേർ കോവിഡ് അസുഖബാധിതരാണെന്ന് എലിയട്ട് ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രിയുടെ ഓഫീസിലെ അഞ്ച് പേർ, ഇന്ത്യൻ ആർമി ഹെഡ്ക്വാർട്ടേഴ്സിലെ രണ്ട് പേർ, പാർലമെന്റിലെ ഒരാൾ, ആഭ്യന്തരമന്ത്രാലയത്തിലെ മൂന്ന് പേർ എന്നിവർക്ക് രോഗബാധയുള്ളതായി ട്വീറ്റിൽ പറയുന്നു. ഇനിയും തുടരണോ എന്നും സുരക്ഷപ്രശ്നങ്ങൾ സംബന്ധിച്ച സാങ്കേതിമായ വിശദീകരണം ഉടൻ പുറത്തുവിടുമെന്നും ട്വീറ്റിൽ പറയുന്നു. — ആപ്പ് അടിച്ചേൽപിക്കുന്നതിനു മുമ്പ് എന്താണ് യഥാർഥത്തിൽ ആപ്പ് ചെയ്യുന്നതെന്ന് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്.
രാജ്യത്തെ സ്നേഹിച്ചുകൊണ്ടാണ് സേതു ആരോഗ്യ ആപ്പെങ്കിൽ അതിന്റെ സോഴ്സ് കോഡ് പബ്ലിഷ് ചെയ്യണമെന്നും ഹാക്കർ പറയുന്നു. ജീവനക്കാർക്ക് നിർബന്ധമാക്കിയിരിക്കുന്ന ആപ്പിലെ വിവരങ്ങൾ – ചോർത്തപ്പെടുമെന്ന് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി അടക്കമുള്ളവർ ആരോപിച്ചതിനു പിന്നാലെ വിവാദം തുടരുകയാണ്.
Discussion about this post