റിയാദ്- കഴിഞ്ഞ ദശകങ്ങളിലൊന്നും അനുഭവപ്പെടാത്ത വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സൗദി അറേബ്യ കടന്നുപോകുന്നതെന്ന് സൗദി ധന, സാമ്പത്തിക കാര്യമന്ത്രി മുഹമ്മദ് അൽജദ്ആൻ. കോവിഡിന് മുമ്പുള്ള അവസ്ഥയിലേക്ക് സൗദി അറേബ്യക്കോ മറ്റു ലോക രാജ്യങ്ങൾക്കോ എത്താൻ ഇനി വർഷങ്ങളെടുക്കുമെന്നും രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുളള ഏറ്റവും വലിയ പ്രതിസന്ധിയാണിതെന്നും കടുത്തതും വേദനാജനകവുമായ നടപടികളിലേക്ക് പ്രവേശിക്കേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു. അൽഅറബിയ ചാനലുമായി നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എണ്ണ, എണ്ണതര വരുമാനം പകതിയിലധികം കുറഞ്ഞു. കോവിഡിനെ പ്രതിരോധിക്കാൻ വലിയ ചെലവാണ് സർക്കാറിന് വന്നുകൊണ്ടിരിക്കുന്നത്. അതോടൊപ്പം വരുമാനത്തിന്റെ നല്ലൊരു ശതമാനവും നിലച്ചു. സ്വകാര്യമേഖലയിൽ സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരം ഉണ്ടാക്കുന്നതുൾപ്പെടെ സാമ്പത്തിക മേഖലയിൽ കൂടുതൽ പരിഷ്കാരങ്ങളും നടപടികളും കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
ബജറ്റിൽ പ്രഖ്യാപിച്ച അത്യാവശ്യല്ലാത്ത പല പദ്ധതികളും നിർത്തിവെക്കും. ചെലവുകൾ വെട്ടിച്ചുരുക്കും. സ്വദേശികൾക്കും വിദേശികൾക്കും പ്രയാസമാകാത്ത വിധത്തിൽ സാമ്പത്തിക ഉണർവിന് ആവശ്യമായ പല മാർഗങ്ങളും സ്വീകരിക്കേണ്ടിവരും. സൗദി അറേബ്യ കഴിഞ്ഞ കാലങ്ങളിൽ പല സാമ്പത്തിക പ്രതിസന്ധികളും നേരിട്ടുണ്ടെങ്കിലും ഇതുപോലൊരു പ്രതിസന്ധി ഉണ്ടായിട്ടില്ല. കരുതൽ പണത്തിൽ നിന്ന് ഒരു ത്രില്യൻ റിയാലിലധികം കഴിഞ്ഞ നാലു വർഷത്തിനിടെ ഉപയോഗിച്ചു. ഈ പ്രതിസന്ധിയെ അതിജീവിക്കാൻ സർക്കാർ, സ്വകാര്യമേഖലയും സൗദി പൗരന്മാരും ഒന്നിച്ച് നിൽക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് പ്രതിസന്ധിയുണ്ടായയുടനെ സൗദി പൗരന്മാരുടെ ആരോഗ്യസുരക്ഷക്ക് ഭരണ, ധന സ്രോതസ്സുകളെല്ലാം ഉപയോഗപ്പെടുത്തി. 180 ബില്യൻ റിയാൽ സഹായധന പാക്കേജാണ് ഇതിന്നായി അനുവദിച്ചത്. രണ്ട്, മൂന്ന്, നാല് പാദ ബജറ്റുകളിൽ ഈ പരിഷ്കാരങ്ങൾ പ്രകടമാകും. 220 ബില്യൻ റിയാൽ കടമെടുക്കാനാണ് തീരുമാനമെങ്കിലും അതൊന്നും കമ്മി പരിഹരിക്കാനാവില്ല. ചെലവുചുരുക്കലും ഈ പ്രതിസന്ധിയും വർഷങ്ങൾ നീണ്ടക്കാം. എങ്കിലും കരുത്തരായി നാം ഈ പ്രതിസന്ധിയിൽ നിന്ന് പുറത്തുകടക്കും.
Discussion about this post